കാത്തിരിരിപ്പ് വിഫലം, ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ യാത്ര തിരിച്ച് അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായ ടൈറ്റൻ മുങ്ങിക്കപ്പൽ പൊട്ടിത്തെറിച്ച് അഞ്ച് യാത്രക്കാരും മരിച്ചു
. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിംഗ്, പാകിസ്താനി ടൈക്കൂൺ ഷഹ്സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ, സബ്മെർസിബിൾ കമ്പനിയുടെ സിഇഒ സ്റ്റോൻ റണ്ട്, ക്യാപ്റ്റൻ പോൾ ഹെൻറി എന്നിവരാണ് അന്തർവാഹിനിയിൽ ഉണ്ടായിരുന്നത്. യുഎസ് കോസ്റ്റ് ഗാർഡ് ആണ് മരണ വാർത്ത സ്ഥിരീകരിച്ചത്.
ടൈറ്റാനിക്കിൽ നിന്ന് 1,600 അടി അകലെയായിരുന്നു ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അതുകൊണ്ട് തന്നെ ടൈറ്റാനിക്
കപ്പലിന്റെ അവശിഷ്ടങ്ങൾക്ക് സമീപമായിരിക്കാം പൊട്ടിത്തെറി സംഭവിച്ചതെന്നാണ് റിപ്പോർട്ട്. 6.7 മീറ്റർ നീളവും മണിക്കൂറിൽ 3.5 കിമി വേഗതയുമുള്ള ടൈറ്റൻ സ്വാതന്ത്രമായാണ് സമുദ്രത്തിൽ സഞ്ചരിച്ചിരുന്നത്. മുങ്ങിക്കപ്പലിന്റെ കാർബൺ ഫൈബറിലോ ടൈറ്റാനിയം ഹള്ളിലോ ചെറിയ പൊട്ടൽ വന്നാൽ പോലും ഇംപ്ലോഷൻ ( അകത്തേക്ക് പൊട്ടിത്തെറിക്കൽ) സംഭവിക്കാം. ഇന്ന് വൈകീട്ട് 4.30 വരെ ഉപയോഗിക്കാൻ കഴിയുന്നത്ര ഓക്സിജൻ മാത്രമായിരുന്നു മുങ്ങിക്കപ്പലിൽ ഉണ്ടായിരുന്നത്. ആഴക്കടൽ പര്യവേഷണങ്ങൾ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്പനിയായ ഓഷ്യൻ ഗേറ്റ് എക്സ്പെഡിഷൻസിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണ് ടൈറ്റൻ.
