ആരു പറഞ്ഞു അവൻ വരില്ലെന്ന്,
ഒരു തലമുറയുടെ ചിന്തകളിൽ അത്ഭുതം ചെയ്യിച്ച, അപകട സന്ധികളിൽ രക്ഷകനായി അവതരിച്ച കപീഷ് തിരിച്ചു വരുന്നു.
21 വർഷക്കാലത്തെ വനവാസത്തിനു ശേഷമാണ് ചിത്രകഥകളിലെ ജനപ്രിയൻ കപീഷ് മടങ്ങിയെത്തുന്നത്.
അനന്ത പൈയുടെ രചനക്ക് ഇരിങ്ങാലക്കുടക്കാരനായ മോഹൻദാസ് നൽകിയ ചിത്രീകരണത്തിലൂടെയാണ് പല ഭാഷകളിലായി കപീഷ് പിറന്നത്. രണ്ട് വർഷത്തെ ഇടവേളയൊഴികെ ബാക്കി മുഴുവൻ സമയവും മോഹൻദാസ് തന്നെയാണ് കപീഷിനെ വരച്ചത്.
അജിത് വാസെകർ അലോക് മാഥൂർ അശോക് ഡോംഗ്രേ , ബാപ്പു പാട്ടീൽ എന്നിവരാണ് ഇടക്കാലത്ത് കപീഷിന് രൂപം നൽകിയത്.
മോഹൻദാസ് വരയ്ക്കുന്ന കപീഷിനെയായിരുന്നു വായനക്കാർക്ക് കൂടുതൽ ഇഷ്ടം.
1974ൽ അനന്ത പൈയുടെ സിൻഡിക്കേറ്റ് സ്ഥാപനമായ രംഗ രേഖ ഫീച്ചേഴ്സാണ് കപീഷിനെ വായനക്കാർക്ക് പരിചയപ്പെടുത്തിയത്. തുടക്കത്തിൽ ബ്ലാക്ക് ആൻ്റ് വൈറ്റിലായിരുന്നു അച്ചടി.
കാർട്ടൂണിസ്റ്റ് ശങ്കറിൻ്റെ ചിൽഡ്രൻസ് വേൾഡിലൂടെയാണ് ഈ ചിത്രകഥ ശ്രദ്ധിധിക്കപ്പെട്ടത്.
ഇംഗ്ലീഷ് – ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ പ്രസിദ്ധീകരിച്ചിരുന്ന കപീഷ് 1978 പൈകോ പൂമ്പാറ്റയിലൂടെയാണ് മലയാളം പറഞ്ഞു തുടങ്ങിയത്.
എൺപതുകളിൽ പ്രായഭേദമന്യെ വായനക്കാരുടെ ഇഷ്ട കഥാപാത്രമായിരുന്നു കപീഷ്.
പൂമ്പാറ്റയുടെ പ്രസിദ്ധീകരണം നിലച്ചതിനെ തുടർന്ന് കപീഷ് ബാലരമയിലേക്ക് കൂടുമാറി.
1990 കളിൽ അനന്ത പൈയുടെ തന്നെ മറ്റൊരു സ്ഥാപനമായ പാർത്ഥ അസോസിയേറ്റ്സിന്റെ പേരിലായിരുന്നു കോപ്പി റൈറ്റ്.
2002 ൽ കപീഷിൻ്റെ പകർപ്പവകാശം കളർ ചിപ്പ്സ് സ്വന്തമാക്കി.
പൈകോയും മനോരമയും പലപ്പോഴായി കപീഷ് കഥകൾ പുസ്തക രൂപത്തിൽ ഇറക്കിയിരുന്നു.ഇവയെല്ലാം തന്നെ വൻ വിജയമായിരുന്നു.
ഇപ്പോൾ… നീണ്ട 21 വർഷത്തിനു ശേഷം തൻ്റെ മാന്ത്രിക വാൽ നീട്ടി കപീഷ് മടങ്ങിയെത്തുകയാണ്.
പഴയ പൂമ്പാറ്റ വായനക്കാരുടെ ഫേസ് ബുക്ക് കൂട്ടായ്മയുടെ ശ്രമഫലമായാണ് കപീഷ് വീണ്ടും പുസ്തക രൂപത്തിൽ
മുൻ പ്രസാധകരായ പൈകോയുടെ സഹോദര സ്ഥാപനമായ പൈ പബ്ലിഷേഴ്സ് & ഡിസ്ട്രിബ്യൂട്ടേഴ്സ് സാരഥി അജയ് പൈ, മുൻ എഡിറ്റർ ആർ.ഗോപാലകൃഷ്ണൻ, ആർട്ടിസ്റ്റ് എം. മോഹൻദാസ്, രംഗരേഖയുടെ സ്ക്രിപ്റ്റ് റൈറ്ററും ടിങ്കിൾ മാസിക ഏഡിറ്ററുമായിരുന്ന
ലൂയീസ് എം. ഫെർണാണ്ടസ് എന്നിവരാണ് കപീഷിനെ വീണ്ടും അണിയിച്ചൊരുക്കുന്നത്.
മൊബൈൽ ഫോണും, ഓൺലൈൻ ഗെയിമുകളും സ്വപ്നത്തിൽ പോലുമില്ലാതിരുന്ന കാലഘട്ടത്തിൽ ബാല്യ- കൗമാരങ്ങളുടെ ചിന്തകൾക്ക് നിറം പകർന്ന കഥാപാത്രം ഒരിക്കൽ കൂടി പുനരവതരിക്കുമ്പോൾ പഴയ കുട്ടികൾ കൊതിയോടെ കാത്തിരിക്കുകയാണ്.
നവാസ് പടുവിങ്ങൽ
