സാമൂഹ്യ കലാ-സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന രംഗങ്ങളിൽ കൊടുങ്ങല്ലൂരിലെ നിറസാന്നിദ്ധ്യമായിരുന്ന പരേതനായയ ഇ.ബി.ഫൈസലിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ ഈ വർഷത്തെ സാംസ്കാരിക പുരസ്കാരം എഴുത്തു കാരനും സാഹിത്യനിരൂപകനുമായ ഡോ: വത്സലൻ വാതുശ്ശേരിക്ക്.
പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങു ന്നതാണ് പുരസ്കാരം.
ഇ.എം.സതീശൻ, യു.ടി. പ്രേംനാഥ്, സുധീർ ഗോപിനാഥ് എന്നിവർ അംഗങ്ങളായ സമിതിയാണ് പുരസ്കാരം നിർണ്ണയിച്ചത്. ഫെബ്രുവരി 17 ന് വൈകിട്ട് അഞ്ച് മണിക്ക് കൊടുങ്ങല്ലൂരിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ കവിയും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റുമായ ആലങ്കോട് ലീലാകൃഷ്ണൻ പുരസ്കാര സമർപ്പണം നിർവ്വഹിക്കും.
ആധുനികാനന്തര മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ കഥാകാരനും നോവലിസ്റ്റും സാഹിത്യ നിരൂപകനുമാണ് ഡോ.വത്സലൻ വാതുശ്ശേരി. ആദ്യ കൃതിയായ ഗുഹാചിത്രങ്ങൾ മുതൽ ഏറ്റവും അവസാനം പുറത്തിറങ്ങിയ ഗെയിം പ്ലാൻ വരെയുള്ള നിരവധി കഥാസമാഹാരങ്ങളും കഥയുടെ ന്യൂക്ലിയസ് ഉൾപ്പെടെ ഒട്ടേറെ സാഹിത്യ നിരൂപണ ഗ്രന്ഥങ്ങളും വാർഷികരേഖ,വിഷമവൃത്തം എന്നീ നോവലുകളും അടക്കം പന്ത്രണ്ടിലധികം കൃതികൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഷാജി.എൻ. കരുൺ സംവിധാനം ചെയ്ത ഹിന്ദിസിനിമ ഉൾപ്പെടെ നിരവധി ചലച്ചിത്രങ്ങൾക്ക് തിരക്കഥകൾ എഴുതിയിട്ടുണ്ട്. മലയാറ്റൂർ – ഇടശ്ശേരി സ്മാരക അവാർഡുകളും ഏറ്റവും അവസാനം ചലച്ചിത്ര പഠന ലേഖനത്തിനുള്ള സംസ്ഥാന ചലച്ചിത്ര അക്കാദമി പുരസ്കാരവും ഉൾപ്പെടെ നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. കാലടി സംസ്കൃത സർവ്വകലാശാല മലയാള വിഭാഗം മേധാവിയായി വിരമിച്ചു.