freepress24news.com

വിദ്യാർത്ഥികളുടെ ബാഗ് പരിശോധിക്കാം;ബാലാവകാശ കമ്മീഷൻ

20261023
Spread the News

Writing
സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് വിലക്ക്; ബാഗ് പരിശോധനയാകാം, കുട്ടികളുടെ അന്തസ്സിന് മുറിവേൽക്കരുത്: ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: സ്കൂൾ സമയത്ത് വിദ്യാർഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഗുരുതരമായ അച്ചടക്കലംഘനമായി കണക്കാക്കണമെന്ന് കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. വിദ്യാർഥികളുടെ ബാഗുകൾ പരിശോധിക്കാമെന്നും എന്നാൽ കുട്ടികളുടെ അന്തസ്സിനും ആത്മാഭിമാനത്തിനും മുറിവേൽക്കാത്ത രീതിയിലായിരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. സ്കൂൾ അച്ചടക്കം, വിദ്യാർഥികളുടെ മുടിയുടെ ക്രമീകരണം, സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗം, ശുചിമുറി സൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കമ്മീഷൻ ഒക്ടോബർ 23ന് പുറപ്പെടുവിച്ച ഉത്തരവിലാണ് നിർദേശങ്ങൾ.
മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
സ്കൂളുകളിൽ വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുമതിയില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. പ്രത്യേക ആവശ്യങ്ങൾക്കായി രക്ഷിതാക്കളുടെ അറിവോടെ വിദ്യാർഥികൾ കൊണ്ടുവരുന്ന ഫോണുകൾ സ്കൂൾ സമയം കഴിയുന്നതുവരെ സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കാൻ സ്കൂൾ അധികൃതർ സൗകര്യമൊരുക്കണം. സ്കൂൾ പ്രവർത്തനസമയത്ത് ഫോൺ ഉപയോഗിക്കുന്നത് ഗുരുതരമായ അച്ചടക്കലംഘനമായി കണക്കാക്കണമെന്നും ഉത്തരവിൽ പറയുന്നു.
ബാഗ് പരിശോധന നടത്താം
വിദ്യാർഥികൾക്കിടയിൽ ലഹരിവസ്തുക്കളുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ, ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ ബാഗുകളിൽ ഇല്ലെന്ന് ഉറപ്പാക്കാൻ അധ്യാപകർക്ക് ബാഗുകൾ പരിശോധിക്കാമെന്ന് കമ്മീഷൻ നിരീക്ഷിച്ചു. എന്നാൽ പരിശോധന കുട്ടികളുടെ അന്തസ്സിനും ആത്മാഭിമാനത്തിനും പോറലേൽക്കാത്ത വിധത്തിലായിരിക്കണം. ഇതുസംബന്ധിച്ച് സ്കൂളുകൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പിനും സംസ്ഥാന പൊലീസ് മേധാവിക്കും കമ്മീഷൻ ശിപാർശ നൽകി.
മുടി, യൂണിഫോം, സൗന്ദര്യവർധക വസ്തുക്കൾ
മുടി വളർത്തുക, പരിപാലിക്കുക, വെട്ടുക, കളർ ചെയ്യുക തുടങ്ങിയവ കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളാണെങ്കിലും സ്കൂൾ പഠനകാലത്ത് സ്കൂൾ അച്ചടക്കത്തിനും ബാധകമായ വിദ്യാഭ്യാസ ചട്ടങ്ങൾക്കും സർക്കാർ നിർദേശങ്ങൾക്കും വിധേയമായിരിക്കണമെന്ന് കമ്മീഷൻ വ്യക്തമാക്കി. മുടി വൃത്തിയായും ക്രമമായും സൂക്ഷിക്കുന്നതിന് സ്കൂൾതലത്തിൽ ഏകീകൃത മാനദണ്ഡങ്ങൾ പാലിക്കാൻ നിർദേശങ്ങൾ നൽകണമെന്നും ഉത്തരവിലുണ്ട്.
ലിപ്സ്റ്റിക് ഉൾപ്പെടെയുള്ള സൗന്ദര്യവർധക വസ്തുക്കളുടെ അമിതവും സുരക്ഷിതമല്ലാത്തതുമായ ഉപയോഗം കുട്ടികളുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കാമെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. വ്യക്തിശുചിത്വം, ആരോഗ്യസംരക്ഷണം, സൗന്ദര്യവർധക വസ്തുക്കളുടെ സുരക്ഷിതമായ ഉപയോഗം എന്നിവ സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ സ്കൂളുകളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണം.
കുട്ടികളെ അപമാനിക്കരുത്
സ്കൂൾ അച്ചടക്കം ഉറപ്പാക്കുന്നതിനായി വിദ്യാർഥികളെ അപമാനിക്കുകയോ മാനസികമായി പീഡിപ്പിക്കുകയോ ക്ലാസിൽനിന്ന് പുറത്താക്കുകയോ വിദ്യാഭ്യാസാവകാശം നിഷേധിക്കുകയോ ചെയ്യരുതെന്ന് കമ്മീഷൻ നിർദേശിച്ചു. അച്ചടക്കവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അധ്യാപകർ നിയമാനുസൃത നടപടികൾ സ്വീകരിക്കണം. ഇതിന് ആവശ്യമായ കൃത്യമായ മാർഗനിർദേശങ്ങൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിക്കണമെന്നും ഉത്തരവിൽ പറയുന്നു.
സ്കൂൾ അച്ചടക്കം നിലനിർത്തുന്നതിൽ പ്രധാനാധ്യാപകർക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഉത്തരവാദിത്വമുണ്ടെന്ന് കമ്മീഷൻ നിരീക്ഷിച്ചു. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം കടമാബോധവും മൂല്യബോധവും വളർത്തേണ്ടതിന്റെ ആവശ്യകതയും ഉത്തരവിൽ ചൂണ്ടിക്കാട്ടി.
ശുചിമുറികളും കുടിവെള്ളവും ഉറപ്പാക്കണം
സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണത്തിന് ആനുപാതികമായി വൃത്തിയുള്ള ശുചിമുറികളും ആവശ്യത്തിന് ജലലഭ്യതയും ഉറപ്പാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിനും തദ്ദേശസ്വയംഭരണ വകുപ്പിനും കമ്മീഷൻ നിർദേശം നൽകി.
ബാലാവകാശ സംരക്ഷണ കമ്മീഷൻ ആക്ട്, 2005-ലെ 15-ാം വകുപ്പ് പ്രകാരം പുറപ്പെടുവിച്ച ശിപാർശകളിൽ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് ഉത്തരവിന്റെ പകർപ്പ് ലഭിച്ച് 60 ദിവസത്തിനകം കമ്മീഷനിൽ സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കമ്മീഷൻ അംഗം ഡോ. വിൽസൺ എഫ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.


Spread the News
error: Content is protected !!
Scroll to Top