കൊടുങ്ങല്ലൂർ സി.ഐ ഓഫീസ് ജംഗ്ഷനിൽ അടിപ്പാത നിർമ്മിക്കില്ല എന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എൽ.ഡി.എഫ് യോഗം കുറ്റപ്പെടുത്തി.
കൊടുങ്ങല്ലൂരിൽ നടന്ന കലുങ്ക് പരിപാടിയിൽ കേന്ദ്രമന്ത്രി
സുരേഷ് ഗോപി നടത്തിയ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയും വഞ്ചനയുമാണ്.
വിവിധ ഘട്ടങ്ങളിൽ കൊടുങ്ങല്ലൂരിൽ എത്തി പ്രദേശത്തെ ജനങ്ങൾക്ക് സുരേഷ് ഗോപി തന്നെ നൽകിയ വാഗ്ദാനത്തിന്റെ ലംഘനം കൂടിയാണ് സംഭവിച്ചിരിക്കുന്നത്.
കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി അടിപ്പാത നിർമ്മാണം എന്ന ആവശ്യത്തെ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് ഉറപ്പു നൽകിയതായും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ബിജെപിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും, ബിജെപി നേതാക്കൾക്കും അഭിവാദ്യം അർപ്പിച്ചുകൊണ്ടുള്ള ഫ്ലക്സ് ബോർഡുകളും വ്യാപകമായി കൊടുങ്ങല്ലൂരിൽ പ്രചരിപ്പിച്ചിരുന്നു.
ദീർഘകാലം ജനങ്ങളെ ബോധപൂർവ്വം കബളിപ്പിച്ച ശേഷം അവരുടെ ആവശ്യത്തെ നിഷേധിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്.
പ്രദേശത്തെ ജനങ്ങൾ ആവശ്യം നേരത്തെ അറിയിച്ചില്ല എന്ന പച്ചക്കള്ളമാണ് സുരേഷ് ഗോപി പറയുന്നത്.
ബൈപ്പാസ് നിർമ്മാണ ഘട്ടത്തിൽ തന്നെ എലിവേറ്റഡ് ഹൈവേ എന്ന മുദ്രാവാക്യവുമായി സമര രംഗത്തുള്ളവരാണ് കൊടുങ്ങല്ലൂർ നഗരത്തിന്റെ പടിഞ്ഞാറുഭാഗത്ത് താമസിക്കുന്ന ജനങ്ങൾ.
ദേശീയപാത നിർമ്മാണ ഘട്ടത്തിന്റെ തുടക്കം മുതൽ തങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം കെട്ടിയടയ്ക്കരുത് എന്ന ആവശ്യം മുന്നോട്ടുവച്ചുകൊണ്ട് ദീർഘകാലമായി പ്രദേശവാസികൾ സമരത്തിലാണ്.
വ്യാപാരി സംഘടനകൾ, റസിഡൻ്റ്സ് അസോസിയേഷനുകൾ തുടങ്ങി നിരവധി ബഹുജന പ്രസ്ഥാനങ്ങൾ ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
ജനങ്ങളുടെ ആവശ്യകത കണക്കിലെടുത്തുകൊണ്ട് കൊടുങ്ങല്ലൂർ നഗരസഭ പ്രമേയം പാസാക്കുകയും, അധികാരികളോട് നിരന്തരം ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിട്ടുള്ളതാണ്.
എന്നാൽ സുരേഷ് ഗോപി ഇതിനെയും മറച്ചുവെക്കുകയാണ്.
ദേശീയപാത നിർമ്മാണത്തിന് സംസ്ഥാന ഗവൺമെൻറ് പണം നൽകിയില്ല എന്ന നുണയും സുരേഷ് ഗോപി പ്രചരിപ്പിക്കുകയാണ്.
ഇന്ത്യയിൽ ആദ്യമായി ദേശീയപാത നിർമ്മാണത്തിന് ഒരു സംസ്ഥാന ഗവൺമെൻറ് പണം ചെലവഴിക്കുന്ന കാഴ്ചയാണ് കേരളത്തിൽ കണ്ടത്. ദേശീയപാതയുടെ സ്ഥലം ഏറ്റെടുക്കുന്ന നടപടികൾക്ക് ഉൾപ്പെടെ സംസ്ഥാന ഗവൺമെൻറ് 5500 കോടി രൂപയിൽ അധികമാണ് ചെലവഴിച്ചത്.
അക്ഷരാർത്ഥത്തിൽ അഹങ്കാരത്തിന്റെയും, കപടതയുടെയും അഴിഞ്ഞാട്ടമായി സുരേഷ് ഗോപിയുടെ കലുങ്ക് പരിപാടി മാറുകയാണ്.
മനുഷ്യരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നിലയാണ് ഇതിലൂടെ സംഭവിക്കുന്നത്.
ജനങ്ങളെ വഞ്ചിക്കുന്ന നിലപാട് സ്വീകരിച്ച ബിജെപിക്കും, സുരേഷ് ഗോപിക്കും ഈ നാട് മറുപടി നൽകും.
ജനങ്ങളെ കബളിപ്പിച്ച ബിജെപി – സുരേഷ് ഗോപി നിലപാടിനെതിരെ കൊടുങ്ങല്ലൂരിലെ മുഴുവൻ ജനാധിപത്യം വിശ്വാസികളും അണിനിരക്കണമെന്ന് എൽഡിഎഫ് അഭ്യർത്ഥിച്ചു.
വി.ആർ.സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ എൽഡിഎഫ് ജില്ലാ കൺവീനർ പി.കെ ചന്ദ്രശേഖരൻ, സിപിഐ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ, സിപിഎം ഏരിയ സെക്രട്ടറി മുസ്താക്ക് അലി, സിപിഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.സി വിപിൻ ചന്ദ്രൻ, പി.പി സുഭാഷ്, സിപിഎം ഏരിയ കമ്മിറ്റിയംഗം കെ.ആർ ജൈത്രൻ, വേണു വെണ്ണറ, റഹീം പള്ളത്ത് , ഷെഫീഖ് മണപ്പുറത്ത്, അഡ്വ : അരുൺ മേനോൻ, ജോസ് കുരിശിങ്കൽ എന്നിവർ സംസാരിച്ചു.
കൊടുങ്ങല്ലൂർ സി.ഐ ഓഫീസ് ജംഗ്ഷനിൽ അടിപ്പാത നിർമ്മിക്കില്ല എന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എൽ.ഡി.എഫ്