freepress24news.com

പ്രസവത്തിനു മുമ്പുള്ള പോഷകാഹാരവും നിങ്ങളുടെ കുഞ്ഞിന്റെ ദന്താരോഗ്യവും

20251104 060908
Spread the News

ഗർഭകാലത്തിലെ ആദ്യ മൂന്നുമാസത്തിലാണ് നിങ്ങളുടെ കുഞ്ഞിന്റെ പല്ലുകൾ രൂപംകൊള്ളാൻ തുടങ്ങുന്നത് എന്ന് നിങ്ങൾക്കറിയാമോ? എല്ലാ പാൽപല്ലുകളും മോണയുടെ ഉള്ളിൽ രൂപപ്പെട്ടതിനുശേഷമാണ് എന്ന് കേട്ടാൽ പല മാതാപിതാക്കളും അത്ഭുതപ്പെടാറുണ്ട്. ഇതുകൊണ്ടാണ് നിങ്ങളുടെ കുഞ്ഞ് ഭ്രൂണാവസ്ഥയിലിരി രിക്കുമ്പോൾ തന്നെ പല്ലുകളുടെ വളർച്ചയെ പിന്തുണയ്ക്കുന്ന പോഷകാഹാരം കഴിക്കാൻ ഡോക്ടർ പറയുന്നതും. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ സർ വില്യം ഓസ്ലർ പറയുന്നത് “The mouth is the mirror of nutritional status”. ഗർഭകാലത്ത് ദന്തരോഗസാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടാണ് ഗർഭകാലത്തുള്ള ആഹാരക്രമങ്ങൾ പ്രാധാന്യമർഹിക്കുന്നതും.
അമ്മമാരും അവർക്ക് പരിചരണം നൽകുന്നവരും കുട്ടികളുടെ ഭക്ഷണക്രമത്തെയും ദന്താരോഗ്യത്തെയും സ്വാധീനിക്കുന്നു. അതുകൊണ്ടുതന്നെ പല്ലിന് ആവശ്യമായ വൈറ്റമിൻ A, C, D, കാൽസ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയ സമീകൃതാഹാരം ഡയറ്റിൽ ഉൾപ്പെടുത്താനും പഞ്ചസാര ഉപയോഗം പരിമിതപ്പെടുത്താനും അമ്മമാർ ശ്രദ്ധിക്കണം. ഗർഭിണികളിലെ പോഷകക്കുറവാണ് ശിശുക്കളിലെ പല്ലുകളുടെ വികസനത്തിലെ അപാകതകൾക്ക് കാരണം. ഇനാമൽ ഹൈപ്പോപ്ലേസിയ പ്രസവത്തിനു മുമ്പുള്ള പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇനാമൽ ഹൈപോപ്ലേസ്യ ഉള്ള ശിശുക്കൾക്ക് മറ്റു കുട്ടികളെക്കാൾ രണ്ടര മടങ്ങ് ദന്തക്ഷയം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യകരമായ ഡയറ്റും വൈറ്റമിനുകളും മിനറലുകളും സംബന്ധിച്ച കാര്യങ്ങൾ നിങ്ങളുടെ ഡെന്റിസ്റ്റിന്റെ നിർദ്ദേശാനുസരണം പാലിക്കേണ്ടതാണ്. ഗർഭാവസ്ഥയിൽ നിങ്ങളുടെ മോണകൾ കൂടുതൽ മൃദുവായതായി ശ്രദ്ധയിൽപ്പെട്ടേക്കാം. ഗർഭകാലത്ത് ഉണ്ടാകുന്ന ഹോർമോൺ വ്യത്യാസങ്ങൾ കൊണ്ടാണിത് സംഭവിക്കുന്നത്. പല്ലുകൾക്കും മോണകൾക്കും കൂടുതൽ ശ്രദ്ധ നൽകിയില്ലെങ്കിൽ ഗർഭകാലമോണരോഗത്തിന് വഴിയൊരുക്കാൻ ഇത് കാരണമാകുന്നു. ഗർഭകാലത്ത് ഉണ്ടാകുന്ന മറ്റൊരു പ്രശ്നമാണ് ഛർദിയും ഓക്കാനവും. ആമാശയത്തിലെ ആസിഡുകൾ വായിൽ വരുന്നതുമൂലം പല്ലുകൾക്ക് തേയ്മാനം സംഭവിക്കുന്നു. പാലുൽപന്നങ്ങൾ കഴിക്കുന്നതും വായ ഇടയ്ക്കിടെ കഴുകുന്നതും ഒരു പരിധിവരെ ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുന്നു.
ഗർഭിണികൾക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ
ഗർഭിണിയാകാൻ ഒരുങ്ങുന്ന സമയത്ത് തന്നെ തന്നെ ദന്ത രോഗ വിദഗ്ധനെ കാണുകയും ആവശ്യമായ എല്ലാ ചികിത്സയും പൂർത്തിയാക്കുക
കാൽസ്യം അടങ്ങിയ സമീകൃത ആഹാരം കഴിക്കുക. പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുക. മധുര പലഹാരങ്ങൾ, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ, പ്രോസസ്ഡ് ഫുഡ് എന്നിവ ഒഴിവാക്കുക.
ക്ലോർഹെക്സിഡിൻ ഗ്ലുക്കോണെറ്റ് അടങ്ങിയ മൗത്ത് വാഷുകൾ ഉപയോഗിക്കുവാനും വാട്ടർഫ്ലോസ് ഉപയോഗിച്ച് പല്ലിന്റെയും മോണയുടെയും ഇടയിൽ അടിഞ്ഞുകൂടുന്ന ഭക്ഷണ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും ശ്രദ്ധിക്കുക.
ഗർഭകാലത്ത് പല്ലുവേദനയോ മോണ വീക്കമോ കണ്ടാലുടനെ തന്നെ ദന്തരോഗവിദഗ്ദ്ധനെ സമീപിക്കുവാനും ശ്രദ്ധിക്കുക.
അമ്മമാരുടെ ദന്താരോഗ്യം ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളുടെ ദന്താരോഗ്യത്തിന്റെ ആദ്യ ചവിട്ടുപടിയാണ്. ഈ കാലയളവിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നതിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം നിലനിർത്തുവാൻ സഹായിക്കുന്നു.

ഡോക്ടർ ശീതൾ ചിത്തൻ
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ.
കൊടുങ്ങല്ലൂർ


Spread the News
error: Content is protected !!
Scroll to Top