freepress24news.com

ഭൂമി ഏറ്റെടുക്കൽ;ബി.ജെ.പിയുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് എൽ.ഡി.എഫ്

Ldf 1733900804502 900x506
Spread the News

കൊടുങ്ങല്ലൂർ നഗരസഭയിൽ പട്ടിക ജാതി ജനവിഭാഗങ്ങളുടെ പുനരധിവാസത്തിനുവേണ്ടി ഭൂമി വാങ്ങിയതിൽ അഴിമതിയുണ്ടെന്ന ബിജെപിയുടെ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് എൽഡിഎഫ്.
ഇന്നുവരെ ഒരു അന്വേഷണ ഏജൻസിയും ഈ ഭൂമി ഇടപാടിൽ അഴിമതി നടന്നതായി കണ്ടെത്തിയിട്ടില്ല.
ഒരു കോടതിയും ഇത്തരമൊരു പരാമർശം നടത്തിയിട്ടുമില്ല.
നഗരസഭ വാങ്ങിയ ഭൂമി നിർമ്മാണ യോഗ്യമാക്കുന്നതിനുള്ള നടപടികൾ മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് ഒരു വ്യക്തിയുടെ പരാതിയെ തുടർന്ന് വിഷയം കോടതിയുടെ പരിഗണനയിൽ വരുന്നത്.
കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതുകൊണ്ട് തുടർന്ന് ഈ ഭൂമിയിൽ ആവശ്യമായ പ്രവൃത്തികൾ നടത്താൻ നഗരസഭയ്ക്ക് കഴിയാതെ വന്നു.
നിയമപരമായ എല്ലാ നടപടികളും സ്വീകരിച്ചുകൊണ്ടാണ് ഭൂമി ഏറ്റെടുക്കൽ നടന്നിട്ടുള്ളത്.
ഭൂമി ഏറ്റെടുക്കുന്നതിനു മുൻപായി ഒരു പരിശോധന കമ്മിറ്റി നഗരസഭ കൗൺസിൽ രൂപീകരിച്ചു.
ഈ കമ്മിറ്റിയിൽ
ബിജെപി പാർലമെൻ്ററി പാർട്ടി നേതാവും കൗൺസിലറുമായ വി.ജി.ഉണ്ണികൃഷ്ണൻ ഉൾപ്പെടെ മുഴുവൻ രാഷ്ട്രീയപാർട്ടികളുടെയും പ്രതിനിധികൾ അംഗങ്ങളായിരുന്നു.
ഈ കമ്മിറ്റി നൽകിയ നിർദ്ദേശത്തെ തുടർന്ന് ചർച്ച ചെയ്താണ് ഭൂമി ഏറ്റെടുക്കാൻ നഗരസഭ നഗര സഭ കൗൺസിൽ ഏകകണ്ഠമായി തീരുമാനിക്കുന്നത്.
ഈ തീരുമാനമെടുത്ത കൗൺസിൽ യോഗത്തിൽ ബിജെപിയുടെ 6 കൗൺസിലർമാർ പങ്കെടുക്കുകയും ഈ തീരുമാനത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയുമാണ് ഉണ്ടായത്.
ഭൂമി ഏറ്റെടുക്കലിൽ അഴിമതി നടന്നിട്ടുണ്ട് എങ്കിൽ പരിശോധന കമ്മറ്റി അംഗമായിരുന്ന വി ജി ഉണ്ണികൃഷ്ണൻ ഉൾപ്പടെയുള്ള ബിജെപിയുടെ 6 കൗൺസിലർമാർക്കും ഇതിൽ ഉത്തരവാദിത്വമില്ലേയെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കണമെന്ന് എൽ.ഡി.എഫ് ആവശ്യപ്പെട്ടു.
ഈ കാലയളവിൽ ഉണ്ടായിരുന്ന ബിജെപി കൗൺസിലർമാർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടാണോ ബിജെപി അഴിമതി ആരോപണം ഉന്നയിക്കുന്നതെന്നും എൽ.ഡി.എഫ് ആരാഞ്ഞു.
പരാതിയെ തുടർന്ന് നടന്ന അന്വേഷണങ്ങളോട് പൂർണ്ണമായും സഹകരിക്കുന്ന നിലപാടാണ് എൽഡിഎഫ് സ്വീകരിച്ചത്.
അന്വേഷണ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞാൽ നഗരസഭ വാങ്ങിയ ഭൂമി കെട്ടിട നിർമ്മാണത്തിന് അനുയോജ്യമാക്കുന്ന നിലയിലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകും.
പട്ടികജാതി ജനവിഭാഗങ്ങളോട് മനുഷ്യത്വ വിരുദ്ധ സമീപനമാണ് രാജ്യത്ത് എല്ലായിടത്തും ബിജെപി സ്വീകരിക്കുന്നത്.
ഈ ഭരണകാലയളവിൽ നഗരസഭാ ചെയർപേഴ്സൺ ചുമതല നിർവഹിച്ച പട്ടികജാതി വിഭാഗത്തിൽപ്പെട്ട എം.യു.ഷിനിജയെയും, ടി.കെ.ഗീതയെയും കായികമായി ആക്രമിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്.
ഇതര സംസ്ഥാനങ്ങളിൽ പട്ടികജാതി ജനവിഭാഗങ്ങൾക്ക് അയിത്തം കൽപ്പിക്കുന്ന ബിജെപിയാണ് ഇവിടെ കപടതയുടെ മുഖംമൂടി അണിഞ്ഞ് നടക്കുന്നത്.
കേരളത്തിൽ നവോത്ഥാന പ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും പോരാട്ടങ്ങളുടെ ഭാഗമായാണ് ഇന്ത്യയിലെ ഇതര പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ മെച്ചപ്പെട്ട ഒരു ജീവിതം പട്ടികജാതി ജനവിഭാഗത്തിന് കേരളത്തിൽ സാധ്യമായത്.
ബിജെപി നടത്തുന്ന മറ്റു കുപ്രചരണങ്ങളെ പോലെ തന്നെ ഇതിനെയും സമൂഹം തള്ളിക്കളയുമെന്ന് എൽഡിഎഫ് പ്രസ്താവനയിൽ അറിയിച്ചു.
വി.ആർ.സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ എൽഡിഎഫ് ജില്ലാ കൺവീനർ പി.കെ ചന്ദ്രശേഖരൻ, സിപിഐ ജില്ലാ സെക്രട്ടറി കെ.ജി ശിവാനന്ദൻ, സിപിഎം ഏരിയ സെക്രട്ടറി മുസ്താക്ക് അലി, സിപിഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.സി വിപിൻ ചന്ദ്രൻ, പി.പി സുഭാഷ്, സിപിഎം ഏരിയ കമ്മിറ്റിയംഗം കെ.ആർ ജൈത്രൻ, വേണു വെണ്ണറ, റഹീം പള്ളത്ത്, ഷെഫീഖ് മണപ്പുറത്ത്, അരുൺ മേനോൻ, ജോസ് കുരിശിങ്കൽ എന്നിവർ സംസാരിച്ചു.


Spread the News
error: Content is protected !!
Scroll to Top