മതിലകത്ത് ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. പാപ്പിനിവട്ടം സ്വദേശി അടിപറമ്പിൽ വീട്ടിൽ കലേഷ് (46) നെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ഓട്ടോ ഡ്രൈവറായ പാപ്പിനിവട്ടം ചിറയിൽ സ്വദേശി താഴിശ്ശേരി വീട്ടിൽ സുരേഷ് കുമാറിനെയാണ് ഇയാൾ മർദ്ദിച്ചത്. കലേഷ് പലപ്പോഴായി ഓട്ടോറിക്ഷയിൽ പോയതിനുള്ള വാടക ചോദിച്ച് വീട്ടിലേക്ക് ചെന്നതിലുള്ള വൈരാഗ്യത്തിലാണ് സുരേഷിനെ മർദിച്ചത്.
കലേഷ് മതിലകം, കൊടുങ്ങല്ലൂർ, കാട്ടൂർ പോലീസ് സ്റ്റേഷനുകളിലായി വധശ്രമം, അടിപിടി എന്നിങ്ങനെ ആറ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ.ഷാജി, എസ്.ഐ.പ്രദീപൻ, എ.എസ്.ഐ.മാരായ പ്രജീഷ്, വഹാബ്, വിനയൻ, ജി.എസ്.സി.പി.ഒ മാരായ ഗോപകുമാർ, ജമാൽ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.