മതിലകം പൊക്ലായിയിൽ കള്ള് ഷാപ്പിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. പടിഞ്ഞാറേ വെമ്പല്ലൂർ കോളനിപ്പടി സ്വദേശികളായ പുത്തൻകാട്ടിൽ വീട്ടിൽ വിഷ്ണു (30), വാഴൂർ വീട്ടിൽ അരുൺ (29) എന്നിവരെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം.
പൊക്ളായ് ഡബിൾ പോസ്റ്റ് കള്ള് ഷാപ്പിൽ വെച്ച് അഴീക്കോട് മേനോൻ ബസാർ സ്വദേശി ജിബീഷ് ഗ്ലാസിൽ ഒഴിച്ചു വെച്ച കള്ള് പ്രതികളിലൊരാൾ എടുത്ത് കുടിച്ചത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ ജീബിഷിനെ ആക്രമിച്ചുവെന്നാണ് കേസ്. ആക്രമണത്തിൽ ജിബീഷിൻ്റെ മുൻ നിരയിലെ രണ്ട് പല്ലുകൾ നഷ്ടപ്പെടുകയും, ഇടത് കണ്ണിന് താഴെയും വയറിലും പരിക്ക് പറ്റുകയും ചെയ്തു.
മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ.ഷാജി, എസ്ഐ പ്രദീപ്, എ.എസ്.ഐ പ്രജീഷ്, ജി.എസ്.സി.പി.ഒ മാരായ പ്രബിൻ, ജമാലുദിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.