ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്ന് സി.പി.ഐ കയ്പമംഗലം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ദേശീയപാത നിർമ്മാണത്തിനായി പ്രധാന പാതകൾ തടസ്സപ്പെടുത്തുമ്പോൾ പകരം സമാനസ്വഭാവമുള്ള യാത്ര സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും കുടിവെള്ള വിതരണ പദ്ധതികൾ തടസ്സപ്പെടുമ്പോഴും പദ്ധതി ഉപഭോക്താക്കൾക്ക് പകരം ശുദ്ധജല വിതരണം ഉറപ്പുവരുത്തണമെന്നും നിർമ്മാണ പ്രവർത്തനം നടക്കുന്ന ഭാഗങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങൾക്ക് എൻ.എച്ച് അധികൃതർ നഷ്ടപരിഹാരം നൽകണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കനോലി കനാൽ കേന്ദ്രീകരിച്ച് ജലപാത നിർമ്മിച്ച് ടൂറിസം വികസന സാധ്യത ഉറപ്പുവരുത്തണമെന്നും, അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം പാസാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ജി ശിവാനന്ദൻ, ടി.കെ സുധീഷ്, കെ.എസ് ജയ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറിയായി ടി.പി രഘുനാഥിനെയും അസി. സെക്രട്ടറിയായി അഡ്വ. എ.ഡി സുദർശനനെയും മുപ്പത്തിയൊന്നംഗ മണ്ഡലം കമ്മിറ്റിയെയും തെരഞ്ഞെടുത്തു
സി.പി.ഐ കയ്പമംഗലം മണ്ഡലം കമ്മറ്റി; ടി.പി രഘുനാഥ് സെക്രട്ടറി, അഡ്വ.എ.ഡി സുദർശനൻ അസി.സെക്രട്ടറി