ആറ്റു നോറ്റ് കാത്തിരുന്ന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചപ്പോൾ ഫലമറിയാനാകാതെ വലഞ്ഞ് രക്ഷിതാക്കളും കുട്ടികളും.ഫെബ്രുവരിയിൽ നടന്ന എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളുടെ ഫലം ബുധനാഴ്ച്ച പ്രഖ്യാപിക്കുകയും പരീക്ഷാ ഭവന്റെ വെബ്സൈറ്റിൽ ഫലം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.എന്നാൽ ഒട്ടുമിക്കവർക്കും റിസൾട്ട് അറിയാൻ മണിക്കൂറുകളേറെ കാത്തിരിക്കേണ്ടി വന്നു.
ഒരേ സമയം നിരവധി പേർ ഫലമറിയാൻ വെബ് സൈറ്റ് സന്ദർശിച്ചതിനെ തുടർന്നാണ് സാങ്കേതിക പ്രശ്നമുണ്ടായതെന്നാണ് സൂചന.
അപൂർവ്വം ചിലർക്ക് മാത്രമാണ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം പരീക്ഷാ റിസൾട്ട് ലഭിച്ചത്.
ബഹു ഭൂരിപക്ഷം പേരും പാതിരാ വരെ കാത്തിരുന്നുവെങ്കിലും ഫലമുണ്ടായില്ല.
ആകെ 1,08,421കുട്ടികളാണ് എൽ.എസ്.എസ് പരീക്ഷ എഴുതിയത് 30,380 കുട്ടികൾ സ്കോളർഷിപ്പിന് യോഗ്യതനേടി.
28.02 ആണ് വിജയശതമാനം.
91,151 കുട്ടികൾ യു.എസ്.എസ് പരീക്ഷ എഴുതിയതിൽ 38,782 കുട്ടികൾ സ്കോളർഷിപ്പിന് യോഗ്യത നേടി. വിജയശതമാനം 42.55. ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിലേക്ക് 1,640 കുട്ടികൾ യോഗ്യത നേടി.