മധ്യകേരളത്തിലെ ഏറ്റവും വലിയ നിരോധിത പുകയില ഉത്പ്പന്ന വേട്ട,
മൂന്നു കോടി രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.
ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ
ചാലക്കുടി നാടുകുന്നിൽ ഡിവൈഎസ്പി ബിജു കുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് അഞ്ഞൂറോളം ചാക്കുകളിലായി നിറച്ചിരുന്ന 3,62,750 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.
ലോറി ഡ്രൈവർ മലപ്പുറം മഞ്ചേരി മേലാക്കം സ്വദേശി തറമണ്ണിൽ വീട്ടിൽ അബ്ദുൾ മനാഫ് (41) നെ പൊലീസ് അറസ്റ്റ് ചെയ്തു. പുകയില ഉത്പന്ന ശേഖരം കൊണ്ടു വന്ന വാഹനവും കസ്റ്റഡിയിലെടുത്തു. ബിസ്കറ്റ് ബോക്സുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് പുകയില ഉത്പ്പന്നങ്ങൾ നിറച്ച ചാക്കുകൾ ഒളിപ്പിച്ചിരുന്നത്. ചാലക്കുടി മുതൽ കൊല്ലം വരെ വിതരണം ചെയ്യാൻ കൊണ്ടുവന്നതാണ് പുകയില ഉത്പന്ന ശേഖരമെന്ന് പൊലീസ് പറഞ്ഞു. ഉത്തരേന്ത്യയിൽ നിർമ്മിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പത്തുരൂപ നിരക്കിൽ വാങ്ങി കേരളത്തിലെത്തിച്ച് നൂറു രൂപ മുതൽ മുകളിലക്ക് വില ഈടാക്കിയാണ് വിൽപന നടത്തുന്നത്.
സർക്കിൾ ഇൻസ്പെക്ടർ എം.കെ സജീവ്, സബ് ഇൻസ്പെക്ടർ ഋഷിപ്രസാദ്, ഡാൻസാഫ്- ക്രൈം സ്ക്വാഡ് അംഗങ്ങളായ സതീശൻ മടപ്പാട്ടിൽ, പി. എം മൂസ, വി.യു സിൽജോ, പി.എം ഷിയാസ്, എ.യു റെജി, എം.ജെ ബിനു, ഷിജോ തോമസ്, ചാലക്കുടി പോലീസ് സ്റ്റേഷൻ അഡീഷണൽ എസ്.ഐ ജെയ്സൺ ജോസഫ്, എഎസ്ഐ ജിബി പി. ബാലൻ, സീനിയർ സിപിഒ ആൻസൻ പൗലോസ് , സിപിഒ എൻ. പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് നിരോധിത പുകയില ഉൽപ്പന്ന ശേഖരം പിടികൂടിയത്.