ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായുള്ള പ്രത്യേക പരിശോധനയിൽ കൊടകരയിൽ വൻ ലഹരിമരുന്ന് വേട്ട180 ഗ്രാം മുന്തിയ ഇനം രാസലഹരിയുമായി “ഡാർക്ക് മർച്ചൻ്റ്” ദീപക്കും നോർത്ത് പറവൂർ സ്വദേശിനിയും പോലീസ് പിടിയിൽ.
തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൊടകര പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കൊടകര മേൽപാലത്തിനു സമീപം എം.ഡി.എം.എയുമായി വെള്ളാങ്കല്ലൂർ, കല്ലംകുന്ന്, ചിറയിൽ വീട്ടിൽ ദീപക് രാജു (30) എറണാകുളം ജില്ല പറവൂർ മൂത്തകുന്നം സ്വദേശിനി ദീക്ഷിത (22) എന്നിവർ പിടിയിലായത്.
ബാംഗ്ലൂരിൽ നിന്നുമാണ് പ്രതികൾ മയക്കുമരുന്ന് എത്തിച്ചത്. തൃശ്ശൂർ ഇരിങ്ങാലക്കുട ഭാഗത്തെ പ്രധാന ലഹരി വില്പനക്കാരനായ ദീപക് മുൻപും ലഹരി മരുന്ന് കേസിൽ പിടിയിലായിട്ടുണ്ട്.
ജയിലിൽ നിന്ന് ഇറങ്ങിയശേഷവും ഇയാൾ ലഹരിക്കടത്തും, വില്പനയും തുടരുകയായിരുന്നു.
തൃശൂർ റൂറൽ ജില്ലയിലെ ഏറ്റവും വലിയ രാസലഹരി വേട്ടകളിലൊന്നാണിത്.
ബാംഗ്ലൂരിൽ നിന്നും അന്തർ സംസ്ഥാന സർവ്വീസ് നടത്തുന്ന ബസിൽ കൊടകരയിൽ വന്നിറങ്ങി മേൽപാലത്തിനു കീഴിൽ പാർക്ക് ചെയ്തിരുന്ന വാഹനം ലക്ഷ്യമാക്കി നടക്കുമ്പോഴാണ് ഇവരെ പോലീസ് സംഘം പിടികൂടിയത്.
10 ലക്ഷം രൂപ ചില്ലറ വിപണിയിൽ വില വരുന്ന മയക്കുമരുന്ന് ഒരു ലക്ഷത്തിലേറെ രൂപ നൽകിയാണ് ബാംഗ്ലൂരിൽ നിന്നും ഇവർ വാങ്ങിയത്. ബാംഗ്ലൂരിൽ ഇവർക്ക് രാസലഹരി കൈമാറിയ അന്താരാഷ്ട്ര ലഹരി മാഫിയ സംഘത്തെപ്പറ്റിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിൻ്റെ നിർദ്ദേശപ്രകാരം റൂറൽ ഡിസിബി ഡിവൈഎസ്പി ഉല്ലാസ് കുമാർ, ചാലകുടി ഡിവൈഎസ്പി കെ. സുമേഷ്,തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് സബ് ഇൻസ്‌പെക്ടർ എൻ പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ സി.ആർ പ്രദീപ്, പി.പി. ജയകൃഷ്ണൻ, സതീശൻ മടപ്പാട്ടിൽ, ടി.ആർ ഷൈൻ, പി.എം മൂസ, സൂരജ് വി.ദേവ്, ലിജു ഇയ്യാനി, എ.യു റെജി, എം.ജെ ബിനു, സി.കെ ബിജു, ഷിജോ തോമസ്, പി.എക്സ് സോണി, കെ.ജെ ഷിൻ്റോ, എ.ബി നിഷാന്ത് എന്നിവരടങ്ങിയ റൂറൽ ഡാൻസാഫ് സ്ക്വാഡും കൊടകര ഇൻസ്പെക്ടർ പി.കെ ദാസ്, എഎസ്ഐമാരായ എം.എസ് ബൈജു, ജ്യോതി ലക്ഷ്മി, സീനിയർ സിവിൽ പോലീസ് ഓഫിസർ കെ.പി ബെന്നി,സിവിൽ പോലീസ് ഓഫിസർ എം.ആഷിക് എന്നിവരും ചേർന്നാണ് മയക്കുമരുന്ന് പിടികൂടിയത്.
മയക്കുമരുന്ന് വിതരണ മേഖലയിൽ “ഡാർക്ക് മർച്ചൻ്റ്” എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ദീപക് ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ രണ്ടായിരത്തി ഇരുപത്തൊന്നിൽ പത്ത് കിലോ കഞ്ചാവ് കടത്തിയതിന് പിടിയിലായി ജാമ്യത്തിലിറങ്ങിയ ആളാണ്.
ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടതിനെ തുടർന്നാണ് അന്ന് പിടിയിലായത്. പിന്നീടും നിരവധി തവണ ഹാഷിഷ് ഓയിലും കഞ്ചാവുമായി ഇയാൾ പിടിയിലായിട്ടുണ്ടെങ്കിലും ജയിലിൽ നിന്നും പുറത്തിറങ്ങി ലഹരി വിൽപന തുടർന്നു വരികയായിരുന്നു.