ചാലക്കുടി പോട്ടയിൽ ബാങ്കിൽ കറിക്കത്തി കാട്ടി കവർച്ച നടത്തിയയാൾ പിടിയിൽ. ചാലക്കുടി ആശാരിക്കാട് സ്വദേശി റിജോ ആന്റണിയാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. ഇയാളിൽനിന്ന് പത്തുലക്ഷം രൂപ കണ്ടെടുത്തതായാണ് വിവരം. പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്. സംഭവം നടന്ന് 36 മണിക്കൂറുകൾക്ക് ശേഷമാണ് മോഷ്ടാവ് പിടിയിലായത്. കടം വീട്ടാനാണ് മോഷണം നടത്തിയതെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്.
ചാലക്കുടിക്കടുത്ത് പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിൽ വെള്ളിയാഴ്ച ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം. കറുത്ത ഹെൽമെറ്റും ജാക്കറ്റും കൈയുറകളും ധരിച്ചായിരുന്നു മോഷണം. ഹിന്ദി സംസാരിക്കുന്ന ആളായതിനാൽ റെയിൽവേ സ്റ്റേഷനും മറ്റും കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. മുറി പൂട്ടിയശേഷം കാഷ് കൗണ്ടർ തോൾകൊണ്ട് ഇടിച്ചുതുറക്കാൻ ശ്രമിക്കുന്ന പ്രതിയുടെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിന്നീട് കൈകൊണ്ട് ചില്ലുകൾ തകർത്താണ് പണം അപഹരിച്ചത്.